Thursday, 15 October 2020

 


സ്നേഹ പ്രണാമം - 

                  സതീശൻ മാവില

============


====================
 

സമ്പന്ന സംസ്കാര വല്ലിയിൽ പൂത്തൊരു 

സൗന്ദര്യ സൂനമേ സ്നേഹ പ്രണാമം !!

'വെളിച്ചം തിരഞ്ഞു' നീ എത്തിയെന്നാലും
 'തമസ്സാണ് ഭൂവിൽ സുഖപ്രദ' മെന്നോതി 
എന്നും 'ഇടിഞ്ഞു പൊളിഞ്ഞൊരു ലോകത്ത് ' 
' കേവലമനുഷ്യനാ' ണെന്നോതി നിന്നു !
ജീവന്റെ തുടിപ്പുള്ള വാക്കിന്റെ കണ്ണിൽക്കൂടി  
ലോകത്തെ ക്കണ്ടൂ , 
സ്നേഹമൊഴുക്കീ,  മനസ്സിന്റെ ഊർജ്ജവും 
സമ്പന്നമാം  സംസ്കൃത സത്തുംചേർത്ത് 
വിളമ്പീ മനുഷ്യന്റെ സംസ്കാര ദാഹം തീർത്തൂ !
പൊഴിച്ചു നീ കണ്ണീർക്കണം, 
ദീനാനുകമ്പാർദ്രമാം മനസ്സിനുള്ളിൽ 
കോടി നക്ഷത്ര പ്രഭ ചൂടി  
വിടർന്നൂ സൗരമണ്ഡലം ! 
വിരിഞ്ഞൂ ചുണ്ടിൽ ചെറു പുഞ്ചിരി,  
കുളിരേകി ഉണർന്നൂ 
മാനവ മനസ്സിങ്കൽ  നിത്യ നിർമ്മല പൗർണ്ണമി !
പ്രണാമം പ്രണാമം പ്രണാമം പ്രണാമം 
നമിക്കുന്നു നമ്മൾ മഹാ ജ്ഞാന സൂര്യ !
നമുക്കാത്മ ബോധം പകർന്നേകി നൽകിയ 
സംസ്കാര സമ്പന്ന വിജ്ഞാന  സൂര്യ !

Saturday, 20 June 2020

1973 ൽ അന്തരിച്ച പി.വി. ജി. നായർ എന്ന കവി 1962 ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ എഴുതിയ ഒരു കവിതയാണ് 'ചോരക്കണ്ണുകൾ '. അൻപത്തി എട്ട് വർഷം പിന്നിടുന്ന ഈ കവിതയ്ക്ക്  ഇന്ത്യാ  ചീനാ സംഘർഷം നിലനിൽക്കുന്ന ഈ കാലത്ത് ഏറെ പ്രശസ്തി ഉണ്ടെന്നു തോന്നുന്നതുകൊണ്ടാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഒരു ചിത്രകാരനും ചിത്രകലാ അദ്ധ്യാപകനുമായിരുന്ന കവി കതിരൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ജോലിയിലിരിക്കേ ആണ് മരണമടയുന്നത് . ഇന്നത്തെ തലമുറക്ക് അപരിചിതനായ പി വി ജി നായർ എന്റെ പിതാവ് കൂടിയാണ്.
                                                               === സതീശൻ മാവില ===
ചോരക്കണ്ണുകൾ 
================
നേരിന്റെ വെളിച്ചത്തിൽ ക്കൂടിനാം മുന്നേറീടും 
ഭാരതീയരാം നമ്മൾക്കില്ലെന്നും ധർമ്മഭ്രംശം;
ബുദ്ധനെ പ്രസവിച്ചോരാർഷ ഭാരതത്തിന്റെ 
ശുദ്ധതക്കറിയാമോ ചീനതൻ നിണക്കൊതി ?
അന്യരെത്തുലക്കലല്ലന്യരെത്തുണയ്ക്കലാ -
ണന്നുതൊട്ടിന്നോളവുമിന്ത്യതൻ പാരമ്പര്യം. 
   ---     ----      ---     --- 
ബുദ്ധന്റെ ധർമ്മാദർശമാക്രമണത്തിൻ കർമ്മ - 
പദ്ധതിയാക്കിത്തീർത്ത ചീനേ നിൻനേതാക്കന്മാർ 
മൂകരായൊഴിയാത്ത പാപഭാണ്ഡവും പേറി 
ലോകനീതിതൻ മുന്നിൽ മുട്ടുകുത്തീടും നാളെ ;
ധാർമ്മികൈശ്വര്യം തിങ്ങുമാത്മവീര്യത്തിൻ മുന്നിൽ 
സാമ്രാജ്യ ദുർമ്മോഹമേ നിൻ തല താഴും നാളെ ;
പൊറുപ്പിക്കുകില്ലെന്നുമിത്തരം മൃഗീയത 
നിറയും ദുരതന്റെ രക്തദാഹത്തെ ലോകം. --
കാപട്യത്തിനും ലോകത്തുണ്ടൊരു പരിധി ,യി -
ക്കാടത്തം നിങ്ങൾക്കെന്നും ജന്മസിദ്ധമാണെന്നോ ?
പോർക്കലി കേറിത്തുള്ളും സർവാധിപത്യത്തിന്റെ 
പേക്കോലം ലോകം കണ്ടിട്ടേറെനാളായിട്ടില്ല !
ചോരയും മനുഷ്യന്റെ പച്ചമാംസവും ചേർന്ന 
യൂറോപ്പിൻ പശയുള്ള മണ്ണുണങ്ങിയിട്ടില്ല !
കൈസറും സുൽത്താനുമസ്സാറുമിന്നെങ്ങോ പോയി 
നാസിസ രൂപം പൂണ്ട ഹിറ്റ്ലറും വെണ്ണീറായി !
ഹീനമാം കിരാതത്വ മിന്നതാ ഹിമവാന്റെ 
മേനിയിൽ നിന്നും ചോരക്കണ്ണുകൾ മിഴിക്കുന്നൂ !
മാറുക ''മാറാവ്യാധി ''കൊണ്ടന്ധമായിത്തീർന്ന 
ചോരയിൽ ക്കൊതിപൂണ്ട നിഷ്ടൂര മൃഗീയതെ !

Wednesday, 2 October 2019

   കവിത  - -    ഹാ! ശാന്തം പാപം ! 
                                           --  പി.വി. ജി. നായർ 
                                            ------------------
മർത്ത്യ മണ്ഡലത്തിങ്കൽ സത്യത്തിൻ  വെളിച്ചത്തെ
നിത്യവും പരത്തിയ പൗരസ്ത്യ മണിദീപം 
    ശാന്തിതൻ പ്രവാചകൻ കഷ്ടം ഹാ ! ശാന്തം പാപം !
    ഗാന്ധിജി മൃഗീയമാം കൈകളാൽ മൃതിപ്പെട്ടു !
പഞ്ചഭൗതികം ദേഹം ഭസ്മമായെന്നാലുമാ - 
സ്സഞ്ചിതസുകൃതമീ വിശ്വത്തെയുണർത്തീടും !
     
         =====     ===     ====    ====   ======
കേവലം വിജ്ഞാനത്തിൻ പുഞ്ചിരിപൊഴിച്ചെന്നും 
പാവന പ്രയത്നത്തിൻ യജഞവേദിയിൽ നിന്നും , 
      ദേവത്വം പുല്കിപ്പുല്കി യുണരും മഹാത്മാക്കൾ - 
      ക്കീവിധം ത്യാഗം ചേർക്കും നിശ്ചയമമർത്ഥ്യത ;
എങ്കിലും മനുഷ്യന്റെ വേദാന്ത വൈദൂഷ്യങ്ങൾ 
തങ്കിടും മസ്തിഷ്കവും മരവിപ്പിക്കും മൃതി . 
       
            =====       ======       ====            ======
കൂരിരുളിങ്കൽ കഷ്ടം ! ലോകത്തിൻ  ഹൃദയമാം 
കോരകം വികാസത്തെ ക്കാത്തുകാത്തിരിക്കുമ്പോൾ , 
എത്രയോ നൂറ്റാണ്ടുകൾ പിന്നിടുന്നേരത്താത്മ 
ചൈതന്യമീമട്ടൊന്നു വിശ്വത്തെ പുൽകാനെത്തും; 
ധാർമ്മികൈശ്വര്യം തിങ്ങു മീദൃശമാത്മവീര്യം 
ധാത്രിതൻ ചരിത്രത്തിൽ കണ്ടിട്ടിലിന്നേവരെ 

 +++++++ഒരു കവിയും ചിത്രകാരനുമായിരുന്ന മട്ടന്നൂർ സ്വദേശി എന്റെ പിതാവ്  പി.വി.ജി. നായർ എന്ന പാലയാടൻ  വീട്ടിൽ . ഗോപാലൻ നായർ കതിരൂർ ഗവ: ഹൈസ്‌കൂളിൽ ചിത്രകലാദ്ധ്യാപകനായിരിക്കേ 1973 ൽ ആണ് അന്തരിക്കുന്നത് - ഗാന്ധിജി വെടിയേറ്റ് മരിച്ചതിന് ശേഷം 1948 ൽ അദ്ദേഹം എഴുതിയ ഒരു കവിതയാണ് - ഹാ ശാന്തം പാവം. +++++++
                                                                                         -------  സതീശൻ മാവില 



Thursday, 2 March 2017


കല്യാണ ഗീതം -- സതീശന്‍ മാവില 
**************************

കല്യാണപ്പെണ്ണ് വന്ന് കണ്മുന്നില്‍ നിന്നപ്പോള്‍ 
കല്യാണി രാഗമെന്റെ മനസ്സ് മൂളി 
നിറപറവെച്ചൊരുക്കിയ നിലവിളക്കിന്‍ മുന്നില്‍ 
അറിയാത്തൊരനുഭൂതി ഞാന്‍ നുകര്‍ന്നു 
എന്നുമറിയാത്തൊരനുഭൂതി ഞാന്‍ നുകര്‍ന്നു 
കരള്‍ച്ചെണ്ടയില്‍ ലയതാളമുണര്‍ന്നുയര്‍ന്നു

  മേലാകെ പ്പൂചൂടി കസവിന്റെ ചേലചുറ്റിയ 
നവവധു ഇവളൊരു ചന്ദ്രമുഖി 
കണ്ണിണകൊണ്ടെന്റെ കണ്‍കളില്‍ മുത്തമിട്ട്‌ 
നമ്രമുഖിയായവള്‍ കുണുങ്ങി നിന്നു 
നാണം പൊതിഞ്ഞു നിന്നു 

കാഞ്ചന ഭംഗിയാര്‍ന്ന കൈകളാലവളൊരു
മലര്‍മാല്യമെന്‍ കഴുത്തില്‍ ചാര്‍ത്തിയപ്പോള്‍
വധുവായി ജീവിത സഖിയായി താലികെട്ടി 
കൈപിടിച്ചവളെഞാന്‍ പരിണയിച്ചു 
ജീവിത വഴിയിലേക്കവളെ ഞാനാനയിച്ചു 

Sunday, 26 February 2017

ഒരു പ്രണയ ഗീതം -- സതീശന്‍ മാവില



ഒരു പ്രണയ ഗീതം - --
സതീശന്‍ മാവില
**********************************
പാതിരാ കാറ്റുവന്ന് വാതില്‍ മെല്ലെ തുറന്നപ്പോള്‍
നീയായിരുന്നുവെങ്കിലെന്നു കൊതിച്ചു
അത് നീയായിരുന്നു വെങ്കിലെന്നു കൊതിച്ചു
ചന്ദനക്കട്ടിലില്‍ സ്വപ്ന ശയ്യ വിരിക്കവേ
നീ വന്നിരുന്നുവെങ്കിലെന്നു കൊതിച്ചു  - എന്നില്‍
നീ വന്നലിഞ്ഞുവെങ്കിലെന്നു നിനച്ചു

    നറുനിലാവല നെയ്ത് ഭൂമിയും മാനവും
നമ്മുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു
രാക്കുയിലീണത്തില്‍ പാടുന്ന പാട്ടിന്റെ
രാഗവും താളവും നമുക്ക് സ്വന്തം -
ഈ രാവിന്റെ സ്പന്ദനങ്ങള്‍ നമുക്ക് സ്വന്തം  


നിമിഷങ്ങളോരോന്നും വികാരാര്‍ദ്രമാവുമ്പോള്‍ \വിളിക്കുന്നു ഞാന്‍ സഖീ നിന്നെ എന്നും
ഇണതേടി ചിലക്കുന്ന രാക്കിളിക്കൂട്ടത്തി- -
ലൊന്നാവാന്‍ കൊതിക്കയാണെന്റെയുള്ളം 

Thursday, 4 July 2013

പ്രണയം

പ്രണയം   


പലതും  പറഞ്ഞില്ല പറയാന്‍മറന്നതല്ലെന്‍സഖീ  
മനപ്പൂര്‍വം പറയാതിരുന്നുഞാന്‍
നിഴലല്ലെനിക്കുനീ   പിന്‍നിലാവല്ലെന്‍
മലര്‍ വാടിയിലെന്നോ വാടിക്കൊഴിഞ്ഞൊരുമലരല്ല
ചിതകെട്ടടങ്ങിയചാരമല്ലനന്തമാം
വാനിലേക്കെങ്ങോപാടിമറഞ്ഞകിളിയല്ല
കാര്‍മുകില്‍ പൂക്കും തെളിവാനമല്ലേതോ
വേടനബിനാല്‍കഥതീര്‍ത്തപേടമാന്‍ കുഞ്ഞല്ലനീ
ചിരിയല്ല കണ്ണിരല്ല  ത്തെളിനീര്‍കുളിരല്ല
                                     കുളിരിന്‍പുതപ്പിട്ട  കടല്‍കാറ്റലയല്ല നീ
                                    പാടുവാന്‍മറന്നോരുപാട്ടല്ല പാടിപ്പാടി  
                                     ചാരുത പാടേമങ്ങിപ്പോയൊരീണവുമല്ല
ആരുനീആരെന്നുഞാന്‍തിരയുബോഴോക്കെയും
മനസ്സിന്നുള്ളില്‍തത്തി ക്കളിപ്പൂപൂങ്കാറ്റായ്നീ
          സ്നേഹമാണെനിക്കെന്നുംനിന്നോട് സഖീ...പക്ഷേ
          എന്‍ സ്നേഹ മെത്രയെന്നതളക്കാനറിയില്ല
          പറയാനറിയില്ല  പാടുവാനറിയില്ല
          നിറഞ്ഞമൌനംകൊണ്ടേ നില്പുഞാനേകാകിയായ്
നില്‍ക്കുക കണ്ണില്‍കണ്ണില്‍ നോക്കി നില്‍ക്കുകനമ്മള്‍
നോവുകളോരോന്നായികൊഴിഞ്ഞു വീഴുംവരെ
മനസ്സുകള്‍ തമ്മില്‍തമ്മില്‍ആലിന്ഗനംചെയ്തു
മായാത്തമധുരാനുഭൂതിയില്‍ലയിക്കട്ടെ
മാനവമോഹങ്ങള്‍ തന്‍ കളിതൊട്ടിലില്‍ നമ്മള്‍
കിടത്തുക സ്നേഹത്തിന്‍റെ  നിര്‍മല വികാരത്തെ
അവ ഒന്നൊന്നായിണചേര്‍ന്നുയിര്‍ കൊണ്ടിടട്ടെ
ഈ പ്രപഞചത്തെകാക്കും പുത്തനാമാനന്ദങ്ങള്‍
നൊമ്പരങ്ങളും നോവും യാദനകളുമില്ലാ
ലോകത്തെ പ്രശാന്തമാം സുന്ദരവിഭാദങ്ങള്‍
                                           പ്രണയം മനസ്സിന്നുള്ളില്‍ പ്രളയപ്രവാഹമായുണരും
                                            വികാരത്തിന്‍  മധുരോന്മദാവേശം
                                             പ്രണയംകൌമാരത്തിന്‍പടിവാതില്‍കടന്നെത്തും
                                              ഉന്മത്തവികാരത്തിന്‍  മായികോന്മദാവേശം
                                      വാര്‍ദധക്യ തൊട്ടില്‍ കെട്ടി  ഉറങ്ങാന്‍ കിടന്നാലും
                                       ഉണര്‍ത്തും  കിനാവിലെ  തരളിത നിഴല്‍ ചിത്രം
                                       കടലല പോലെ ഇളം കാറ്റല പോലെ
                                       മനസ്സില്‍ ശരീരത്തില്‍    മസ്തിഷ്കത്തില്‍
                                      നനുത്തനുരണനം ചെയ്യും  തരളിത മോഹാവേശം